Thursday, October 13

ആരാണാ മൂന്നാമന്‍ അഥവാ ഒരു നിരപരാധി സൃഷ്ടിക്കപ്പെടുന്നു

ആന്റണി പെരുമ്പാവൂര്‍ എന്ന നിലയില്‍ പെരുമ്പാവൂര്‍ പണ്ടേ'' ലോക പ്രശസ്തമാണ്''. ഇനി മുതല്‍  പെരുമ്പാവൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു KSRTC ബസും രഘു എന്നൊരു രക്തസാക്ഷിയും ആയിരിക്കും  ഓര്‍മയില്‍ വരുക. ചുരുങ്ങിയത് നമ്മുടെ പ്രബുദ്ധ  കേരളം വേറൊരു പീഡനം ആഘോഷിച്ചു തുടങ്ങുന്നത് വരെയെങ്കിലും. പത്തു ലക്ഷവും ജോലിയും വാഗ്ദാനം ചെയ്തു ആ കുടുംബത്തിന്റെ വായടപ്പിക്കാന്‍ ഭരണത്തിന് നേതൃതം കൊടുക്കുന്നവര്‍ക്ക് കഴിഞ്ഞു. പക്ഷെ എന്നത്തേയും പോലെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെടാന്‍ ഉള്ളതല്ലല്ലോ. പ്രധാന ലക്ഷ്യമായ തോക്കുകാരനെ
( കടപ്പാട്: ബെര്‍ലിച്ചായന്‍) നിരപരാധി എന്ന് തെളിയിക്കാനുള്ള തിരക്കഥ കുറ്റമറ്റ രീതിയില്‍ പുറത്തു വന്നു തുടങ്ങി. ഇനി നമ്മുടെ മാധ്യമങ്ങള്‍ ഒന്നു സഹായിച്ചു പൊതു ജനങ്ങളിലേക്ക് എത്തിച്ചാല്‍ മതി.

   ആദ്യ ഘട്ടമായി ഒരു '' മൂന്നാമന്‍'' രംഗ പ്രവേശം ചെയ്തിരിക്കുന്നു. മോതിരം പണയം വച്ചും കടം വാങ്ങിയും മറ്റുമായി,  മരിച്ച രഘുവിന്റെ കൈയിലുണ്ടായിരുന്ന മുപ്പതിനായിരം രൂപ കണ്ട പ്രതികള്‍ മനപ്പൂര്‍വ്വം പ്ലാന്‍ ചെയ്ത ഒരു നാടകമായിരുന്നു ആ പോക്കറ്റടി ആരോപണം. മര്‍ദിച്ചു കൈയിലുണ്ടായിരുന്ന പൈസ തട്ടിയെടുക്കുക എന്ന ഒരു ചെറിയ കാര്യമേ ആ പച്ചപ്പാവങ്ങള്‍ ചെയ്തുള്ളൂ . പക്ഷെ വഴിയെ പോയ എല്ലാവരും കൈ വച്ചത് ആരുടെ കുറ്റം? ചുമ്മാ ഒരു പട്ടിയെ കണ്ടാല്‍ പോലും  പേപ്പട്ടി എന്നും പറഞ്ഞു തല്ലിക്കൊല്ലുന്ന ഈ ബ്ലഡി മലയാളിസിനെ ഒക്കെ നിരത്തി നിറുത്തി വെടി വച്ചു കൊല്ലെണ്ടതാണ് ( ജ. കൃഷ്ണയ്യര്‍ സാറിനു ഗൌരവമായി എടുക്കാവുന്ന ഒരു പൊയന്റാണ് , ജനസംഖ്യ   നന്നേ കുറയും )

   അതിനിടയില്‍ നമ്മുടെ പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്ന തോക്ക് കാരന്‍ ചേട്ടന്‍ വന്നു പെട്ട് പോയി . കേരള പൊലിസ് അല്ലെ, ആരെ കണ്ടാലും നീതി നിര്‍വഹിക്കാന്‍ തോന്നുന്ന ജന്മഗുണം! ഒരു പോക്കറ്റടിക്കാരനെ കണ്ടപ്പോള്‍ അതും കൈയോടെ പിടിക്കപ്പെട്ടവനെ, അദ്ധേഹത്തിന്റെ കര്‍ത്തവ്യ ബോധം വിജ്രുഭിച്ചു കാണും. ഈ മാതിരി ചീള് കേസ് നു ഒക്കെ എന്തിനു കോടതി? കൈയോടെ രണ്ടു കൊടുത്തു കൈയിലുള്ളതും വാങ്ങിച്ചു മേലാല്‍ ഈ വഴി ഒന്നും കണ്ടു പോയേക്കരുത്‌ എന്നൊരു താക്കിതും കൊടുക്കാന്‍ ഏതൊരു പോലീസുകാരനും പവര്‍ ഉണ്ട്. അപ്പോള്‍ സുധാകരന്‍ സാറിന്റെ തോക്കുകാരന്‍ ആവുമ്പോഴോ?

     ശിക്ഷ നടപ്പാക്കുന്നവര്‍ക്ക് എല്ലാ വിധ മാനസിക പിന്തുണയും കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് ചില എക്സ്. പോക്കറ്റടിക്കാരും അവരുടെ ബന്ധുക്കളും ആശ്രിതരും '' ഇനി അയാളെ തല്ലരുത്, ചത്ത്‌ പോവും '' എന്നും പറഞ്ഞു വരുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഗാന്ധിയനായ സുധാകരന്റെ തോക്കുകാരനെ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്നും തടയാന്‍ ആരെടാ എന്നൊരു ചോദ്യത്താല്‍ തന്നെ എല്ലാ പെറുക്കീസിനെയും നൂറു വാര അകലത്തില്‍ നിറുത്തി എന്നൊരു കുറ്റമേ അദ്ദേഹം ചെയ്തിട്ടുള്ളൂ പൊതു ജനങ്ങളെ. ഇതിപ്പോ ആ രണ്ടു കഷ്മലന്മാരും കൂടി പ്ലാന്‍ ചെയ്ത നാടകമാണെന്ന് തിരിച്ചറിയാന്‍ ഉള്ള ബുദ്ധി ഉണ്ടാരുന്നേല്‍ അയാള്‍ കേരള പോലീസില്‍ ചേരുമാരുന്നോ ??

    ഇനി നിങ്ങള്‍ പറ, ശരിക്കും അദ്ദേഹം കുറ്റക്കാരന്‍ ആണോ? തൂക്കിയെടുത്തു  ലോക്കപ്പില്‍ കൊണ്ട് പോയി ഉരുട്ടി കൊല്ലാനുള്ള സാധ്യത ഉണ്ടായിട്ടും നാലാളെ കണ്ടു ഫ്രഷ്‌ എയറും ശ്വസിച്ചു മാന്യമായി മരിക്കാന്‍ വഴി വച്ചു കൊടുത്ത അദ്ധെഹത്തിനെ മനുഷ്യാവകാശത്തിനുള്ള ഏതെങ്കിലും അവാര്‍ഡും കൂടി കൊടുത്തു ആദരിക്കെണ്ടതല്ലേ ? ഇതെല്ലാം അപ്പോഴേ അറിയാവുന്നത് കൊണ്ടാണ് അറസ്റ്റു ചെയ്തു അദ്ധേഹത്തിന്റെ മനസ്സ് വിഷമിപ്പിക്കരുത് എന്ന് വച്ചത്. പക്ഷെ ഈ പ്രതിപക്ഷവും മാധ്യമങ്ങളും സമ്മതിക്കേണ്ടേ ? വിവരമില്ലാത്ത വഹ !!!

   ഈ പിടിയിലായ സന്തോഷ്‌ ആണെങ്കിലോ? കള്ളനും പോക്കറ്റടിക്കാരനും വഞ്ചകനും പിടികിട്ടാപ്പുള്ളിയും..മൂന്നാമനോ? അവന്റെ രേഖാചിത്രം  തയ്യാറാക്കി കൊണ്ടിരിക്കുന്നെയുള്ളൂ..  ഇതെന്താ ''S'' കത്തി ആണോ..ഏതെങ്കിലും ഒരു കൊല്ലന്റെ അടുത്ത് ഓടിച്ചെന്നു വാങ്ങിച്ചു കൊണ്ട് വരാന്‍? ഒരാളെ കണ്ടു പിടിച്ചു എല്ലാം പറഞ്ഞു പഠിപ്പിച്ചു കേസില്‍ ആവശ്യത്തിനു ലൂപ് ഹോള്‍സ് ഇട്ടു റെഡി ആക്കെണ്ടേ? ടൈം എടുക്കും. അതിനിടക്ക് ഒരു പീഡനമോ മറ്റോ ഒത്തു വന്നാല്‍ പിന്നെ ഇതൊക്കെ ആരോര്‍ക്കാനാ ?? നോക്കട്ടെ ...ഇനി സന്തോഷിനു അയാളെ നേരത്തെ അറിയില്ലേ, അപ്പോള്‍ കണ്ട ഒരാളുമായിട്ടാണോ മോഷണവും പിടിച്ചു പറിയുമൊക്കെ പ്ലാന്‍ ചെയ്തത് എന്നൊന്നും ചോദിച്ചു ഞങ്ങളെ ബുദ്ധി മുട്ടിക്കരുത്, പ്ലീസ്.......

No comments:

Post a Comment