ജാഗ്രതൈ!!!!
കല്യാണം കഴിക്കാതെ കുട്ടികള്‍ ഉണ്ടാവുന്നത് ഒരു തെറ്റോ ഏറ്റവും കുറഞ്ഞത് പേര് ദോഷമോ ആയി കണ്ടവരാണ് നമ്മള്‍.ഇനി നിങ്ങള്‍ കല്യാണം കഴിച്ചോ ഇല്ലയോ എന്നൊന്നും പ്രശനമല്ല , കുട്ടികള്‍ രണ്ടില്‍ കൂടുതല്‍ ആയാല്‍ ഇന്ത്യ മഹാരാജ്യത്തിന്റെ (വരാന്‍ പോകുന്ന) നിയമാവലി പ്രകാരം കൊള്ള, കൊല, ബലാല്‍സംഗം മുതലായവ ചെയ്യുന്നവരുടെ കൂട്ടത്തില്‍ നിങ്ങളെയും കണക്കാക്കുന്നതാണ്. തൂക്കി കൊല്ലുമോ എന്തോ !
കേരള വിമന്‍സ് കോഡ് ന്റെ ആദ്യ അദ്യായത്തിലാണ് ഈ ശുപാര്‍ശ ഉള്ളത്.ഏതെങ്കിലും കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക് പിന്നെ സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും കിട്ടില്ല ( എന്ത് സഹായമാ ഈ സര്‍ക്കാര്‍ തരുന്നേ എന്നൊന്നും ചോദിക്കരുത്, ഉണ്ടെങ്കിലും ഇല്ലെങ്കിലും കിട്ടില്ല.. അത്ര തന്നെ !! ) അവരെ നിയമപരമായി അയോഗ്യരായി കണക്കാക്കണം- ചുമ്മാ നടന്നു പോവുമ്പോ ഏതെങ്കിലും ഒരു അലവലാതി വന്നു താടിക്കിട്ട് തട്ടിയാലും ആരും ചോദിക്കാനും പറയാനും കാണില്ല എന്നര്‍ഥം..
നാട്ടിലെ അപ്പൂപ്പന്മാരെ... അമ്മൂമ്മമാരെ... ഇനി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. (അതി ഭയാനകമായ ഒരു കാര്യമാണ്). നിങ്ങളുടെ സ്ഥിരം പല്ലവിയാണല്ലോ കല്യാണം കഴിഞ്ഞ ആരെ കണ്ടാലും ' വിശേഷം ഒന്നും ആയില്ലേ മക്കളേ ...' അല്ലെങ്കില്‍ രണ്ടും പെണ്‍കുട്ടികളാണോ കുടുംബം നില നിറുത്താന്‍ ഒരാണ്‍തല വേണ്ടേ ?' എന്നും മറ്റും..ജീവനില്‍ കൊതിയുണ്ടെങ്കില്‍ ആ പരിപാടി അങ്ങ് നിറുത്തിയെര്...പ്രേരണകുറ്റം ആണു. പ്രേരണാകുറ്റം .. ആരെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്തിട്ട് എന്തിനാ വെറുതെ തല കളയുന്നെ? 'ഫയന്കരമായ' ക്രിമിനല്‍ കേസ് ഈ വയസ്സാം കാലത്ത് വലിച്ചു വക്കണോ? പതിനായിരം രൂപയോ മൂന്നു മാസം തടവോ കിട്ടും ( കാശും പിടിപ്പും ഉണ്ടെങ്കില്‍ ഏതെങ്കിലും ആശുപത്രിയില്‍ ഒറിജിനല്‍ തടവ് ..അല്ലാത്ത പീക്കിരി ദാമു , കോമു, മാത്തന്‍, പോത്തന്‍ കേസുകള്‍ക്ക് ഒക്കെ ഗോതമ്പുണ്ട , മനസ്സിലായോ ??) ഇനി ആരുടേയും പ്രേരണ ഇല്ലെങ്കില്‍ മൂന്നാമതൊരു കുട്ടിയുണ്ടായി എന്ന കുറ്റത്തിന് മാതാപിതാക്കള്‍ക്ക് തന്നെ തടവോ പിഴയോ കിട്ടും. അങ്ങനെ ഇപ്പൊ ആരും ചുമ്മാ ടൈം പാസ് ചെയ്യേണ്ട എന്ന്... ജനസംഖ്യ വര്‍ദ്ധനവ് തടയുകയാണ് ലക്‌ഷ്യം, വോട്ടു ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യമുള്ളു അത് കഴിഞ്ഞു ചത്ത് പോ, ഇങ്ങനെ പെറ്റു പെരുകാതെ...അംബാനി, റെഡി മുതലായ രാജാക്കന്മാരെ സേവിക്കുന്നതിന്റെ തിരക്കിനിടയിലാ പട്ടിണി, ദാരിദ്ര്യം എന്നൊക്കെ പറഞ്ഞു മുറവിളി കൂട്ടുന്നെ ,ശവങ്ങള്‍ !!
ചില സജെഷന്‍സ് : പ്രേരണാക്കുറ്റം കൂടാതെ ഇതിനു സഹായിക്കുന്ന ഡോക്ടര്‍,നേഴ്സ് തുടങ്ങി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന ടാക്സിയുടെ ഡ്രൈവര്‍ക്ക് വരെ പിഴ ഇടുക, ഇനി കുറ്റം ചെയ്തിട്ട് ശിക്ഷിക്കപ്പെടുന്നതിനെക്കാള്‍ നല്ലതാണ് അത് തടയുന്നത് എന്ന തത്വമനുസരിച്ച് ഒളി ക്യാമറ ഷൂട്ടിംഗ് നടത്തി പരിചയമുള്ള എല്ലാ ഉണ്ണിക്കുട്ടന്മാരെയും രാത്രി അഴിച്ചു വിടുക , സീന്‍ ഒന്നിന് ആയിരം രൂപ ഇനാം പ്രഖ്യാപിക്കാവുന്നതാണ്.
അപേക്ഷ:
ബഹുമാനപ്പെട്ട സര്‍ക്കാരെ ... വെറും പതിനായിരം രൂപ പോര, മിനിമം ഒരു പത്തു ലക്ഷം എങ്കിലും വേണം പിഴ , കാശില്ലാത്തവന്‍ ഈ വക പരിപാടിക്ക് പോകരുത് , പോയി തൂങ്ങി ചാവട്ടെ , ജയ് അംബാനി, ജയ് റെഡി ചേട്ടന്മാര്‍ ... അല്ല പിന്നെ !!
നടക്കട്ടെ നടക്കട്ടെ.... :)
ReplyDeleteസര്‍ക്കാരിന്റെ അടുത്ത പുലിവാല്‍
http://luttumon.blogspot.com/2011/09/blog-post_26.html